Tuesday 18 September 2018


ദുരൂഹസാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകള്‍ നൂറിലധികമെന്ന് ആരോപണം

കണ്ണൂര്‍: കേരളത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകളുടെ എണ്ണം നൂറിലധികമെന്ന് ആരോപണം. എന്നാല്‍ പല കേസുകളിലും അന്വേഷണം എങ്ങുമെത്തിയില്ല. അധികാര സ്ഥാനങ്ങളില്‍ വരെ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ള പ്രബലരായ സഭകളായിരുന്നിട്ട് പോലും അന്വേഷണം നടത്താന്‍ ഒരു ചെറുവിരല്‍ പോലുമനക്കിയില്ലെന്ന് കേരള എക്‌സ് പ്രീസ്റ്റ് ആന്റ് നണ്‍സ് ഫോറം(ഇ പി എന്‍ എഫ്) ഭാരവാഹികള്‍ ആരോപിച്ചു.
1987 ജൂലൈ ആറിന് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിന്റയുടെ കൊലപാതകമായിരുന്നു ഒരു കന്യാസ്ത്രീ ദുരൂഹമായി മരിച്ചതായി ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ കേസിന്റെ അന്വേഷണത്തെ കുറിച്ച് ഇന്ന് ആര്‍ക്കും ഒരറിവുമില്ല.
1992ല്‍ സിസ്റ്റര്‍ അഭയ, 1993ല്‍ സിസ്റ്റര്‍ മേഴ്‌സി, 1998ല്‍ പാലാ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി, അതേ വര്‍ഷം കോഴിക്കോട് കല്ലൂരിട്ടിയില് സിസ്റ്റര്‍ ജ്യോതിസ്, 2000ല്‍ പാലാ സ്‌നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി, കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലി, 2008ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനുപ മരി, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി, 2015 ഡിസംബര്‍ ഒന്നിന് വാഗമണ്ണില്‍ മരിച്ച ലിസാ മരിയ, 2018ല്‍ പത്തനാപുരത്തെ സിസ്റ്റര്‍ സൂസന്‍ തുടങ്ങി നിരവധി കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ മരണങ്ങളില്‍ പലതിലും അന്വേഷണം എങ്ങുമെത്തിയില്ലെന്നതാണ് വസ്തുത. ഏറ്റവും കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസുപോലും ഇന്നും എങ്ങുമെത്തിയിട്ടില്ല.
സംഭവം കൊലപാതകമാണെന്ന് സംഭവം നടന്ന അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇടയ്ക്ക് കേസുമായി ബന്ധപ്പെട്ട് രണ്ട് പുരോഹിതരെയും ഒരു സിസ്റ്ററെയും അറസ്റ്റ് ചെയ്തുവെങ്കിലും നിലവില്‍ രണ്ടാം പ്രതിയായ പുരോഹിതനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ 26 വര്‍ഷം പിന്നിടുമ്പോഴും കേസ് എങ്ങും എത്താത്ത നിലയിലാണ്.
ദുരൂഹ മരണങ്ങള്‍ ആത്മഹത്യയും സ്വാഭാവിക മരണവുമായി എഴുതിത്തള്ളാന്‍ പലരും ഇറങ്ങിത്തിരിച്ചപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലിലൂടെയാണ് പലതും പുറത്ത് വന്നത്. നിരവധി മരണങ്ങള്‍ മുതല്‍ ലൈംഗികാരോപണങ്ങള്‍ വരെ സഭ ഒതുക്കിത്തീര്‍ത്തതായി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. ചെറുപ്രായത്തില്‍ സഭയില്‍ ചേരുന്നവര്‍ തിരിച്ച് പോരണമെന്ന് തോന്നുമ്പോള്‍ സാമൂഹികമായ അയിത്തം കാരണം അതിന് സാധിക്കാതെ വരുന്നു. കന്യാസ്ത്രീകള്‍ വീട്ടില്‍ വരുമ്പോള്‍ സ്വത്ത് ഭാഗം വെയ്ക്കണമല്ലോ എന്ന ഭയം കൂടിയാണ് യഥാര്‍ത്ഥ പ്രശ്‌നം.
ബഹുഭൂരിപക്ഷവും ജീവച്ഛവമായി കഴിയുമ്പോള്‍ അപൂര്‍വ്വം ചിലര്‍ മാത്രമാണ് പ്രതികരിക്കുന്നത്. സഭാ നടപടികളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരെ പിന്നീട് അവിടെ നിര്‍ത്തില്ല. ചോദ്യം ചെയ്യുന്നവരെ പല രീതിയിലും പീഡിപ്പിക്കും. ആദ്യം സഭാതലത്തില്‍ തന്നെ അപവാദ പ്രചാരണം നടത്തും. ചിലരെ മരുന്ന് കൊടുത്ത് മാനസിക രോഗിയാക്കി മാറ്റും. പിന്നീട് പാലിയേറ്റീവ് കെയറിലാക്കി അവസാനം ഇല്ലാതാക്കും.
പല കന്യാസ്ത്രീകള്‍ക്കും പ്രതികരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് മുന്‍ കന്യാസ്ത്രീയും ഇ പി എന്‍ എഫ് ന്റെ ജോയിന്റ് സെക്രട്ടറിയുമായ മരിയാ തോമസ് പറഞ്ഞു. നാട്ടില്‍ വന്നാല്‍ കുടുംബം പോലും സ്വീകരിക്കാത്ത സാഹചര്യമാണുള്ളത്. പ്രതികരിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പല കന്യാസ്ര്ത്രീകളും മഠങ്ങളില്‍ കഴിയുന്നത്. ഇത്തരം സംഭവങ്ങള്‍ പുറത്ത് വരുന്നതിലൂടെ സന്യാസസഭകളെ കുറിച്ചുള്ള മാതാപിതാക്കളുടെ ധാരണകളില്‍ മാറ്റം വരും. സാധാരണ മാതാപിതാക്കളുടെ വിചാരം സഭകളില്‍ കന്യാസ്ത്രീകള്‍ക്ക് സ്വര്‍ഗ്ഗമാണെന്നാണ്.
ഇത്തരം സംഭവങ്ങളിലൂടെയെങ്കിലും സന്യാസ സഭകളില്‍ സ്ഥിതി നല്ലതല്ലെന്ന് മനസ്സിലാക്കി ബന്ധപ്പെട്ടവര്‍ അവരുടെ മക്കളെ ശ്രദ്ധിക്കുവാന്‍ തുടങ്ങും. തിരിച്ചുവരുന്നവരുടെ സാമൂഹിക അയിത്തം മാറ്റാനുള്ള ബോധവത്കരണം നടക്കണം. സ്വത്ത് വിഭജനത്തിന്റെ കാര്യത്തില്‍ മേരി റോയ് കേസിലെ വിധി നടപ്പാക്കി പെണ്‍കുട്ടികള്‍ക്കും തുല്യ വിഹിതം ഉറപ്പാക്കണം. അപ്പോള്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ച് വീട്ടില്‍ വന്ന് താമസിക്കുവാനാവും. നിലവില്‍ അവരുടെ വിഹിതം സന്യാസ സഭകളിലേക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. ഇത് കൂടുതല്‍ ചൂഷണങ്ങള്‍ക്ക് കാരണമാവുമെന്നും ഇ പി എന്‍ എഫ് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ ജെ ജെ പള്ളത്ത്, ബെന്നി തോമസ് എന്നിവരും പങ്കെടുത്തു.